Wednesday, March 6, 2013

സ്വപ്നം; വിഷയം - മരണം



                           ന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് സ്വപ്നം കാണുക എന്നത്. ഈ സ്വപ്നം എന്ന് പറയുന്ന സംഗതി എങ്ങനെ ഇരിക്കും?
ഞാന്‍ നൂറുപേരോടെങ്കിലും ചോദിച്ചിരിക്കും.... ഒരു പരിഹാസച്ചിരി മാത്രം മറുപടി..........
സ്വപ്നങ്ങളെകുറിച്ച് ഒത്തിരി വര്‍ണനകള്‍ കേട്ടിട്ടുണ്ട്. അതെല്ലാം എന്നില്‍ വല്ലാത്ത ഒരു നഷ്‌ടബോധം ജനിപ്പിക്കാറുമുണ്ട്.
എനിക്ക് സ്വപ്നം കാണുന്നവരോട് അസൂയ ആണ്. എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന മൂരിക്കുട്ടി എന്ന് ഞാന്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന മേരിക്കുട്ടി പറയാറുണ്ട്‌ . അവളെ കുട്ടിച്ചാത്തന്‍ പിടിക്കാന്‍ വരുന്നതായി സ്വപ്നം കാണാറുണ്ടെന്ന്.......! എനിക്കവളോട് വല്ലാത്ത പുച്ഛം തോന്നി. പ്ലസ്‌ ടുവിലാ  പഠിക്കുന്നത്.. കുട്ടിച്ചാത്തന്‍ പോലും........ഞാന്‍ അത് കേട്ടപ്പോള്‍ തന്നെ ചിരിച്ചു പോയി. അപ്പോള്‍ അവള്‍ മുഖം വീര്‍പ്പിച്ചു കൊണ്ട് പറഞ്ഞത് എന്താണന്നോ..
സ്വപ്നത്തില് കുട്ടിച്ചാത്തനെ കാണുമ്പോളെ കുഞ്ഞോന് പഠിക്കു.
നീ പോടീ.
പോടാ.
നാലുദിവസം ഞങ്ങള്‍ മിണ്ടിയില്ല.
എന്‍റെ ക്ലാസ്സില്‍ ഒരു സുന്ദരിക്കോത പഠിക്കുന്നുണ്ട്. എന്‍റെ ക്ലാസ്സിലെ പെണ്‍കുട്ടികളെല്ലാം സുന്ദരിമാരാണ്.എന്നാലിത് പ്രത്യേകതരം സുന്ദരിയാണ്‌. ഞാനാദ്യം പ്ലസ്‌ വണ്ണില്‍ പഠിക്കാന്‍ വന്നപ്പോള്‍ റാഗ് ചെയ്യാന്‍ വന്ന ചേട്ടനെ തല്ലിയവളാണ്. ങ്ഹാ.....വിഷയത്തിലേക്ക് വന്നില്ലല്ലോ.
അവള്‍ പകലും സ്വപ്നം കാണാറുണ്ടത്രേ.
എനിക്കത്ഭുതം തോന്നി. പകലെങ്ങനെയാണ് സ്വപ്നം കാണുക. ഇവിടെ രാത്രിയില്‍ തന്നെ കിണഞ്ഞു പരിശ്രമിച്ചിട്ടും കാണാന്‍ കഴിയുന്നില്ല. ഞാന്‍ അവളോട്‌ തന്നെ ചോദിച്ചു സംശയനിവാരണം നടത്തി. അവള് ആരാണ്ടെ സ്നേഹിക്കുന്നുണ്ടത്രേ. അവനെ ആണത്രേ സ്വപ്നം കാണുന്നത്. മാത്യൂസ്‌ സാര്‍ ടിക്നോമെട്രി പഠിപ്പിക്കുമ്പോള്‍ കൈവെള്ളയില്‍ തല ചായിച്ചു ക്ലാസ്സ്‌ റൂമിലെ കറങ്ങുന്ന ഫാനും നോക്കിയിരിക്കുന്ന അവളെ ഞാന്‍ ഒരിക്കല്‍ മാത്രമല്ല കണ്ടിട്ടുള്ളത്. അങ്ങനെ എങ്ങനെ സ്വപ്നം കാണും? പകല്‍ കാണാവുന്ന സ്വപ്നമെങ്കിലും കാണാന്‍ ഒന്ന് ശ്രമിച്ചു  കളയാം.രാത്രി ഉറങ്ങിയാല്‍ പിന്നെ ബോധമില്ല. ഞാന്‍ സ്വപ്നം കാണാന്‍ ഉള്ള ശ്രമം തുടങ്ങി. സുന്ദരിക്കോതയെ തന്നെ മനസ്സില്‍ ധ്യാനിച്ച് അവള്‍ ചെയ്യുന്നത് പോലെ തന്നെ മത്യൂസ്‌ സാറിന്‍റെ ക്ലാസ്സില്‍ തന്നെ അരങ്ങേറ്റം കുറിച്ചു. ടിക്നോമെട്രി തീര്‍ന്നു മെട്രിക്സ് തുടങ്ങി.  മെട്രിക്സ് എങ്കില്‍ മെട്രിക്സ്....ഞാന്‍ പതുക്കെ തല ചായ്ച്ചു.പതുക്കേ കണ്ണുകള്‍ ഫാനിലേക്ക് ഉയര്‍ത്തി. ഫാന്‍ വേഗത്തില്‍ കറങ്ങുന്നുണ്ട്. പക്ഷെ എന്താണ് സ്വപ്നം കടന്നു വരാത്തത്?
സ്വപ്നമേ ......... സ്വപ്നമേ ......... നീ വേഗം വരു...
പക്ഷെ വന്നത് മാത്യൂസ്‌ സാറാണു.
നീ എന്തെടുക്കുവാടാ...
ഫാന്‍ കറങ്ങുന്നു സാര്‍
ക്ലാസ്സില്‍ കൂട്ടച്ചിരി മുഴങ്ങി. ദാ അവളും ചിരിക്കുന്നു. എന്‍റെ ഗുരു.....
കം ഹിയര്‍... സോള്‍വ്‌ ദിസ്‌
ബോര്‍ഡിലെ പ്രോബ്ലം എന്നെ തുറിച്ചു നോക്കി.
അത് ചെയ്യുവാന്‍ കഴിയാത്തതിനാല്‍ ആ പീരീഡ്‌ മുഴുവന്‍ മതിലിനപ്പുറത്തെ നിരത്തിലൂടെ പോകുന്ന വാഹനങ്ങളുടെ എണ്ണമെടുത്തുകൊണ്ട് പ്രിന്‍സി വരരുതേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് വെളിയില്‍ നില്‍ക്കേണ്ടി വന്നു.
മെഴുകുതിരി നാളത്തിന്റെ പതറിയ വെളിച്ചത്തില്‍ മോഡേണ്‍ കെമിസ്ട്രിയുടെ തടിച്ച പുസ്തകത്തില്‍ നോക്കി ഞാന്‍ സ്വപ്നത്തെകുറിച്ചു ചിന്തിച്ചു. അങ്ങനെ ചിന്തിച്ചു ചിന്തിച്ചു പതുക്കെ ബെഡിലേക്ക് കിടന്നു.
എന്നത്തേയും പോലെ ഞാന്‍ കണ്ണുകളടച്ചു പ്രാര്‍ത്ഥിച്ചു.
ദൈവമേ ഒരു സ്വപ്നം കാണിക്കണേ.... കുട്ടിച്ചാത്തനായാലും തരക്കേടില്ല.
അങ്ങനെ മന്ദം മന്ദം ഞാനുറക്കത്തിലേക്ക് വഴുതി വീണു.
ചുവന്നുതുടുത്ത മുഖവുമായ്‌ ഒരു സുന്ദരി എന്റെ കണ്‍മുന്‍പില്‍ പ്രത്യക്ഷപെട്ടു. അവരുടെ വസ്ത്രത്തില്‍ നിന്നും പുറപ്പെടുന്ന വെള്ളി വെളിച്ചത്താല്‍ എന്‍റെ കണ്ണുകള്‍ മങ്ങിപോയി. ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു.
നിങ്ങള്‍ ആരാണ്?
ഞാന്‍ സ്വപ്നദേവതയാകുന്നു.
സ്വപ്നദേവതയോ?
അതെ, ഞാനാണ്‌ സ്വപ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
എന്‍റെ കണ്ണുകള്‍ വിടര്‍ന്നു.
നിങ്ങള്‍ക്ക്‌....നിങ്ങള്‍ക്ക്‌ എനിക്കൊരു സ്വപ്നം കാട്ടിതരാന്‍ പറ്റുമോ?
തീര്‍ച്ചയായും. എന്‍റെ ആഗമോദ്ദേശം തന്നെ അതാണ്.
എനിക്ക് സന്തോഷമായി. എന്‍റെ ചിരകാലമോഹം പൂവണിയാന്‍ പോകുന്നു.
ഞാന്‍ ബഹുമാനത്തോടെ ചോദിച്ചു.
ചേച്ചിയുടെ പേരെന്താണ്?
എന്‍റെ പേര് ഞാന്‍ പറഞ്ഞുകഴിഞ്ഞു കുട്ടി..... സ്വപ്നദേവത
ഓഹോ
ദാ നോക്കു... ഇന്ന് നീ കാണാന്‍ പോകുന്നത് നിന്‍റെ  മരണത്തെക്കുറിച്ചാണ്....
ഞാന്‍ ചിന്തിച്ചു. മരണം....കൊള്ളാം. ആദ്യസ്വപ്നം തന്നെ കിടിലന്‍ ആയിരിക്കും. കണ്ടുകളയാം.
ഞാന്‍ അവര്‍ കൈ ചൂണ്ടിയിടത്തേക്ക് നോക്കി.
ആഹാ ഞാനല്ലേ ബോയ്സ് ബാഗും തൂക്കി എ എക്സ് എന്‍ സൈക്കിളില്‍ പറന്നു വരുന്നത്. നല്ല പിക്ചര്‍.. പക്ഷെ കളറു പോര. ദാണ്ട് കളറിന്‍റെ സ്വിച്ച്.. ഞാന്‍ ആ ബട്ടണില്‍ ഞെക്കി കളറു കൂട്ടി. ഇപ്പോള്‍ താന്‍ അസാര ഗ്ലാമര്‍ ആയി. ആഹാ ഇരുട്ടി തുടങ്ങിയല്ലോ. എന്നാലും ഞാനെന്നാ ഇത്രയും താമസിച്ചത്? അങ്ങനെ താമസിക്കുക പതിവില്ലല്ലോ?
ഹ അതറിയാനല്ലേ റീവൈന്‍ഡ്‌ ബട്ടന്‍.          
ഞാന്‍ ഞെക്കി.
അ ചുമ്മാതല്ല ബാസ്കെറ്റ് ബോള്‍ കളിക്കുവാണ്. കൂട്ടുകാരെല്ലാരുമുണ്ടല്ലോ. റിജോ, ദിനേശ്‌, അരവിന്ദന്‍, ജിത്തു, മഹേഷ്‌, തോമസുകുട്ടി, ലെനി, സോജോ, ഷബീക്‌, അനൂപ്‌, മജീദ്‌ ...... ശ്ശോ ..ഞാന്‍ പണ്ടേ കളിക്ക് പോര, എന്‍റെ കയ്യില്‍ നിന്നും എതിര്‍ ടീം തട്ടിപറിച്ചു കൊണ്ട് പോകുന്നത് കണ്ട റിജോ തെറി വിളിക്കുന്നുണ്ട്. ദാണ്ട്.. എന്‍റെ കയ്യില്‍ ബോള്‍. ഇട്ടതു ബാസ്ക്കറ്റിലുതന്നെ. മൂന്നുപോയിന്‍റ്. റിജോ കെട്ടിപിടിച്ച് അഭിനന്ദിച്ചു.
ദാണ്ട്.. പിന്നേം പിന്നേം. ഞാന്‍ തകര്‍ത്തു കളിക്കുകയാണ്. അവന്മാരെ പൊട്ടിച്ചു.
ഇന്നവന്‍ ഭയങ്കര ഫോമിലാ
ഹോ ഇവനിത്രേം വലിയ കളിക്കാരനാരുന്നോ?
അവനിടുന്നതെല്ലാം കറക്റ്റ് ബാസ്കറ്റിലാ
ഞാന്‍ രണ്ടടി പൊങ്ങി. ബിജു സാറാണല്ലോ അത്. സന്ധ്യ ആയതുകണ്ട് ഞങ്ങളെ ഓടിക്കാന്‍ വരികയാണ്.
ഞാനിപ്പോള്‍ സൈക്കിളില്‍ ആണല്ലോ. സന്തോഷവും സന്ധ്യയും കാരണം ഞാന്‍ സൈക്കിള്‍ പറപ്പിക്കുകയാണ്.ഇറക്കം ഇറങ്ങിവരുമ്പോള്‍ ദാണ്ട് കല്ലുലോഡുമായി ലോറി വരുന്നു. യ്യോ അതിന്‍റെ മുന്‍പില്‍ പെട്ടു. ബ്രേക്ക്‌ പിടിച്ചിട്ടും നില്‍ക്കുന്നില്ലല്ലോ.
ഇടിച്ചു !!
ദാണ്ട് എന്‍റെ എ എക്സ് എന്‍ സൈക്കിള്‍ ആകാശത്തുകൂടി പറക്കുന്നു. തവിടുപൊടിയായി. ഞാനെന്തിയേ? കല്ലില്‍ തലയിടിച്ചു അപ്പുറത്ത് മാറി കിടക്കുന്നു. ആരാണ്ടൊക്കെ ഓടിക്കൂടുന്നു.
ഇതാ ജോണികുട്ടിടെ മകനല്ലിയോ
ഒരോട്ടോ വിളിയടാ
ഓട്ടോ വേണ്ട കാറ് തന്നെ ആട്ട്
കാറുവിളിക്കണേല്‍ കവലേല്‍ പോണ്
കിട്ടുന്നതെന്തെലും വിളിച്ചോണ്ട് വാടാ
യ്യോ ചോരക്കു എന്നാ നിറമാ...കളറു മുന്‍പേ കൂട്ടേണ്ടാരുന്നു. ഞാന്‍ കളറ് കുറച്ചു.
ഓട്ടോക്കകത്ത് എന്നെ കേറ്റി പോവ്വാണല്ലോ. അജിമോനല്ലേ ഓട്ടോ ഓടിക്കുന്നത്. അജിമോനെ എനിക്കറിയാം. അവന്‍ പണ്ട് ക്രിക്കറ്റ്‌ കളിക്കാന്‍ ഞങ്ങളുടെ കൂടെ വരുമായിരുന്നു. ആംബുലന്‍സ് പോകും പോലാ അവന്‍ വണ്ടി വിടുന്നത്. ഹോണില്‍ നിന്ന് കൈ എടുക്കുന്നതെയില്ല. എന്നെ രക്ഷിക്കാനായിട്ടാ....
ഡോക്ടരുമാര് നേഴ്സുമാര്...... യ്യോ അത മമ്മിയല്ലേ? പുറകെ പപ്പാ. അവര് കരയുവാണല്ലോ. ഞാനിവിടെ ജീവനോടെ ഉണ്ടെന്നു അവര്‍ക്കറിയത്തില്ലേ?
മമ്മി പപ്പാ ഞാനിവിടെയുണ്ട്
ഞാന്‍ പറഞ്ഞാല്‍ അവര്‍ കേള്‍ക്കുമോ? കൊള്ളാം. അവരു ഈ സ്ക്രീനിനകത്തല്ലേ.
സ്ട്രക്ചറില്‍ കിടത്തി ഇറക്കുന്നത് എന്നെ ആയിരിക്കും. തല വരെ പുതപ്പിച്ചേക്കുവാണല്ലോ. നേഴ്സ് വെള്ളത്തുണി മാറ്റി കാണിച്ചു. ഞാന്‍ കണ്ണടച്ച് കിടക്കുകയാണ്. മമ്മി കരഞ്ഞുകൊണ്ട് എന്‍റെ മേലേക്ക്‌ വീഴാന്‍ പോയി. പപ്പാ താങ്ങിപ്പിടിച്ചു.
മമ്മി കരയാതെ. മമ്മി കരയുന്നത് കണ്ടാല്‍ എനിക്കും കരച്ചില്‍ വരും.
ഡോക്ടറും നേഴ്സുമാരും യ്യോ കത്തി പഞ്ഞി കത്രിക .. എന്താണവര്‍ ചെയ്യുന്നത്? എന്നെ കീറുകയാണല്ലോ. എന്‍റെ തല, നെഞ്ച് ... ഞാന്‍ കണ്ണുപൊത്തി. അവരെന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യുകയാണ്.
ഞാന്‍ കണ്ണുതുറന്നു.
    അവരിലാരും അവശേഷിച്ചില്ല.
            മഴ പെയ്യുമ്പോള്‍ വയലുകളില്‍
            വിത്തുകള്‍ പൊട്ടി മുളയ്ക്കുന്നു.
            കാഹളനാദം കേള്‍ക്കുമ്പോള്‍
            മൃതരില്‍ ജീവനുദിക്കുന്നു.
ദാ വീട്ടില്‍ പന്തല്‍ ഇട്ടിട്ടുണ്ടല്ലോ. ആരൊക്കെയാ കരഞ്ഞോണ്ട് നില്‍ക്കുന്നത്‌. പേരപ്പന്‍, മഞ്ജുവാന്‍റി, സാലിചേച്ചി, കൊച്ചപ്പാ..... എല്ലാരുമുണ്ട്.ഹായ് ലിജിനും മോനുട്ടനും.അവന്മാരെപ്പം തിരുവന്തപുരത്ത് നിന്നെത്തി. ങ്ഹാ ജോര്‍ജങ്കിളുമുണ്ട്. ഞങ്ങള് കളിക്കുമ്പോള്‍ ഭയങ്കര രസവാ. മോനുട്ടന്‍ ചെറുതാ, നാലിലാ. ലിജിന് എന്‍റെ പ്രായമാ. ഞങ്ങള് രണ്ടൂടെ ക്രിക്കറ്റ്‌ കളിക്കും. മോനുട്ടന്‍ എപ്പഴും കീപ്പറാ..അതിനവനെന്നാ വഴക്കാന്നോ. ശോ അവരും കരഞ്ഞോണ്ട് നില്‍ക്കുവാണല്ലോ.
ഞാനെന്തിയെ?
ആഹാ പെട്ടിക്കാത്ത് സുഖിച്ചു കിടപ്പുണ്ടല്ലോ. നല്ല പ്ലൈവുഡ് തറച്ച പെട്ടി. നല്ല വെള്ള ഉടുപ്പാ ഞാന്‍ ഇട്ടേക്കുന്നെ. പെട്ടിക്കാത്തു മൊത്തം പൂവാ. മൈക്കുകാരന്‍ അച്ചനു പ്രാര്‍ത്ഥന ചൊല്ലാനായി മൈക്ക് ശരിയാക്കുകയാണ്.അയാളെ ഞാന്‍ അറിയുമല്ലോ. ങ്ഹാ വല്ല്യപ്പച്ചന്‍റെ ശവമടക്കിനും ഇയാളു തന്നാ മൈക്ക് കൊണ്ടുവന്നത്. അന്നു ഞാന്‍ മൈക്ക് കുത്തുന്നതൊക്കെ നോക്കി പഠിച്ചതാ.
വികാരിയച്ചന്‍ ഒപ്പീസ് ചൊല്ലാന്‍ തുടങ്ങി. എന്‍റെ കുഞ്ഞ്വോനെന്നു പറഞ്ഞു മമ്മി ഭയങ്കര കരച്ചിലാ. ശ്ശോ മമ്മിക്കറിയില്ലല്ലോ ഞാന്‍ ഇവിടെ ഉണ്ടെന്ന്. പപ്പാ കണ്ണട ഊരി കൈ കൊണ്ട് കണ്ണുകളമര്‍ത്തി നില്‍ക്കുകയാണ്.അച്ചന്‍ എന്‍റെ തലയില്‍ പുഷ്പകിരീടം ധരിപ്പിച്ചു. മമ്മി ഇന്നാള് പറഞ്ഞാരുന്നു സ്വര്‍ഗ്ഗത്തിലേക്ക്‌ പോകാനാണത്രേ കിരീടം വെക്കുന്നത്.
എല്ലാരും ഭയങ്കര കരച്ചിലാണല്ലോ.
ശവപ്പെട്ടി മഞ്ചത്തില്‍ വെച്ച് പപ്പയും അപ്പാപ്പന്മാരും ചേട്ടന്മാരുമൊക്കെ എന്നെ പൊക്കുകയാണ്.എന്നെ പൊക്കാന്‍ സുഖമായിരിക്കും. എനിക്ക് വലിയ കനം ഒന്നും ഇല്ലല്ലോ. മരണപ്പാട്ടുമായി ജീപ്പ് മുന്നാലെ പോയി. പുറകില്‍ കുരിശും കുടയും സാമ്പ്രാണിതിരിയുമായി ജനം വരിവരിയായി.
ആഹാ സാമ്പ്രാണികൂടു മൊത്തം ആനിചേച്ചിയുടെ ഒക്കത്തിരിക്കുന്ന ജിജിമോള് കൈക്കലാക്കി ഇരിക്കുവാണല്ലോ. കള്ളി.
എത്ര പേരാണ് എന്‍റെ ശവമടക്ക് കൂടാന്.
നല്ല അടക്കോം ഒതുക്കോം ഉള്ള ചെക്കനാരുന്നു.
എങ്ങനെ വളരെണ്ടതാ.
കഷ്ടം
എല്ലാം ദൈവത്തിന്‍റെ കൈയില്‍ അല്ലയോ.
എന്നെ കുറിച്ചാണവര്‍ പറയുന്നത്. ഞാന്‍ ഇത്രയ്ക്കും നല്ലതാണോ?
ദാ ശവകോട്ടയെത്തി. എന്‍റെ കൂട്ടുകാരും  ടീച്ചറുമാരും എല്ലാരുമുണ്ട്. എല്ലാരും കരയുന്നു. മമ്മി തലതല്ലി കരയുകയാണ്. ഞാന്‍ ഇവിടുണ്ടെന്നു അവര്‍ക്കറിയില്ലല്ലോ.
എല്ലാരും എനിക്ക് ഉമ്മ തരുകയാണ്.
ഒടുവില്‍
പെട്ടിയുടെ മൂടി അടച്ചു.
എന്‍റെ മുഖം അവര്‍ക്ക് മുന്‍പില്‍ എന്നന്നേക്കുമായി അപ്രത്യക്ഷമായി.
പെട്ടി ശവകുഴിയിലേയ്ക്ക് വീഴുന്ന ശബ്ദം എന്നെ ഞെട്ടിച്ചു.
ഞാന്‍ ശൂന്യതയിലേക്ക്‌ പതുക്കെ മിഴികള്‍ തുറന്നു.
 (ടോം ജോസഫ്‌  2008)
                                                                     ___________________                

          


കുഞ്ഞുണ്ണിമാഷിന്‍റെ മഴ



'മഴ മേലോട്ടു പെയ്താലേ
വിണ്ണു മണ്ണുള്ളതായ് വരൂ
മണ്ണുള്ള ദിക്കിലുള്ളോര്‍ക്കേ
കണ്ണു കീഴോട്ടു കണ്ടിടൂ
- കുഞ്ഞുണ്ണിമാഷ്‌

പത്മരാജന്‍റെ മഴ



 ''മരങ്ങള്‍ക്ക് മേലേ നിന്ന ആവിയില്‍ പുതഞ്ഞ മഴ, മഴയുടെ തുള്ളി, വയനമരത്തോട് തൊട്ടുനില്ക്കുന്ന കൊന്നത്തെങ്ങിന്റെ തുഞ്ചാണിയോലയുടെ തുമ്പില്‍ കുരുങ്ങി കീഴോട്ടൊഴുകി ഒഴുകിയൊഴുകി മടലിലുടക്കാതെ ഓലയില്‍ച്ചിതറാതെ തടിയിലൂടെ നെടുനീളെ കീഴോട്ടുരുണ്ട്, തടിയോടുരുമ്മിക്കിടക്കുന്ന മണലില്‍ ഒരു തുളയുണ്ടാക്കി മറയുമ്പോള്‍ , കുട്ടി വാതിലിന്റെ സാക്ഷയിളക്കി, ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങുന്നു. പുറത്തിരുട്ടാണ്. ഇരുട്ടില്‍ മഴ കനക്കുന്നു. പാറി വന്ന മഴ. ചിറകുകള്‍ വിതര്‍ത്തിപ്പറക്കുന്ന കഴുകന്‍മഴ''- പി.പത്മരാജന്‍ .